FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2015, ജൂൺ 17, ബുധനാഴ്‌ച

ജൂണ്‍ 17-ചങ്ങമ്പുഴ ചരമ ദിനം


ജൂണ്‍ 17- മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ ഓര്‍മയായിട്ട് 67 വര്‍ഷം.


''നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദര്‍പ്പണത്തില്‍
ഒരുസത്യം മാത്രം നിലയ്ക്കുമെന്നും
പരമാര്‍ഥ സ്‌നേഹത്തിന്‍ മന്ദഹാസം'' സ്്‌നേഹത്തിനായി കൊതിച്ച ഒരു മനസ്സ്...കുഞ്ഞുനൊമ്പരങ്ങളില്‍പ്പോലും ഇടറുന്നൊരു ഹൃദയം...സുന്ദരമായ ജീവിതം സ്വപ്‌നംകണ്ട പാവം മനുഷ്യന്‍...ഇതൊക്കെയായിരുന്നു മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. നിഴലും നിലാവും നിറഞ്ഞതാണ് ജീവിതമെന്ന് അറിയാനുള്ള പക്വത ആവോളമുണ്ടായിട്ടും പലപ്പോഴും ഇടറിനിന്നു ആ കവിതയും ജീവിതവും. പരമമായ സ്‌നേഹത്തിനായി ആ മനസ്സ് എപ്പോഴും കൊതിച്ചു. അതിരില്ലാത്ത സഹതാപം ആഗ്രഹിച്ചു. അതെല്ലാംകൊണ്ടുതന്നെ ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ അദ്ദേഹത്തിന് പലപ്പോഴും കഴിഞ്ഞില്ല. ജീവിതംതന്നെയാണ് അദ്ദേഹം കവിതയാക്കിയത്. കവിതയായിരുന്നു അദ്ദേഹത്തിന് ജീവിതവും. കൗമാരത്തില്‍ത്തന്നെ കവിത ചങ്ങമ്പുഴയ്ക്ക് കൂട്ടായി. മലയാളഭാവഗീതികളില്‍ ചങ്ങമ്പുഴയുടെ സ്ഥാനം അതുല്യം. സ്വന്തം അനുഭവങ്ങളെ കവിതയുമായി കൂട്ടിക്കലര്‍ത്തിയ മറ്റൊരു കവി മലയാളത്തിലുണ്ടോയെന്ന് സംശയം. അനുഭവങ്ങളിലും അനുഭൂതികളിലും പുലര്‍ത്തിയ സത്യസന്ധതയാണ് ചങ്ങമ്പുഴയെ മറ്റ് കവികളില്‍നിന്ന് വ്യത്യസ്തനാക്കിയത്. സ്വന്തമെന്ന് അവകാശപ്പെടാവുന്നതായിരുന്നു ആ കാവ്യശൈലി. തികഞ്ഞ വ്യക്തിത്വമുള്ളതായിരുന്നു ആ കവിത.കുഞ്ഞുന്നാളില്‍ അനുഭവിച്ച ജീവിതദുരിതങ്ങള്‍ ചങ്ങമ്പുഴയെ കവിയായി പാകപ്പെടുത്തി. ഇടപ്പള്ളിയുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ മരണവും ആ കവിതകളെ ദീപ്തമാക്കി. നാടോടിപ്പാട്ടുകളും നാടന്‍ശൈലികളും ആ വരികള്‍ക്ക് മധുരമേകി. പാശ്ചാത്യസാഹിത്യത്തിലെ ആഴത്തിലുള്ള അറിവ് ചങ്ങമ്പുഴയെ ഒരിക്കല്‍പ്പോലും അനുകരണപ്രിയനാക്കിയില്ല. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കാവ്യമധുരം കൊണ്ടെത്തിക്കുന്നതില്‍ ചങ്ങമ്പുഴയുടെ പങ്ക് അവിസ്മരണീയം. മധുരനാരങ്ങപോലെ വിറ്റഴിഞ്ഞ 'രമണനി'ലെ രണ്ടുവരിയെങ്കിലും മൂളാത്തവര്‍ ആരുമില്ലാത്തൊരുകാലം... കഥാപ്രസംഗമായും സിനിമയായും കഥയായും പുനര്‍ജ്ജനിച്ചു രമണന്‍...അത്രയേറെ ജനപ്രിയമായി ആ പ്രണയകാവ്യം. കുത്തിനോവിക്കലും തലോടലുമേറ്റ് വളര്‍ന്നുപന്തലിച്ചതാണ് ചങ്ങമ്പുഴയുടെ കാവ്യജീവിതം. ജീവിതത്തിലെ ഓരോ ഘട്ടത്തിലും അനുഭവിച്ചതെന്താണോ അതെല്ലാം കവിതകളായി പിറന്നുവീണു. കടുത്ത വിഷാദബോധത്തില്‍നിന്ന് സ്​പന്ദിക്കുന്ന അസ്ഥിമാടവും ജീവിതത്തോടുള്ള വിദ്വേഷത്തില്‍നിന്ന് പാടുന്ന പിശാചും വിപ്ലവബോധത്തില്‍നിന്ന് രക്തപുഷ്പങ്ങളും സാമൂഹികബോധത്തില്‍നിന്ന് വാഴക്കുലയും അങ്ങനെ ഈടുറ്റ കാവ്യരൂപങ്ങളായി. ഹൃദയങ്ങളെ തൊട്ടറിഞ്ഞ ജീവിതകഥയാണ് വാഴക്കുലയിലൂടെ ചങ്ങമ്പുഴ പറഞ്ഞുവച്ചത്. കപടലോകത്തിലാത്മാര്‍ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയമെന്ന് ജീവിതത്തോടുള്ള നിലപാട് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ലോകം തന്റെ നേര്‍ക്ക് അനല്പമായ സഹതാപം ചൊരിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.ഒരുയുവമാനസമെങ്കിലുമെന്‍
മിഴിനീരിലല്പമലിഞ്ഞുവെങ്കിലെന്ന് ആ മനസ്സ് കൊതിച്ചു. ക്ഷമ തെല്ലുമില്ലാത്ത നിലപാടുകളും സ്വപ്‌നങ്ങളും സുഖസുന്ദരമായ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകളുമൊക്കെയാണ് ചങ്ങമ്പുഴക്കവിതയെ മുന്നോട്ടുനയിച്ചത്. അന്തര്‍മുഖത്വത്തിലലിഞ്ഞ്, അസ്വസ്ഥമാനസനായി ജീവിതം ചെലവഴിച്ചു അദ്ദേഹം. രമണന്‍ നല്‍കിയ പ്രശസ്തിയും പേരും ആത്മവിശ്വാസമുള്ള കവിയാക്കി അദ്ദേഹത്തെ മാറ്റിയെങ്കിലും ജീവിതപരാജയങ്ങള്‍ തളര്‍ത്തിയ കവിയെ പിന്നീട് പലപ്പോഴും കാണേണ്ടിവന്നു. അനുഭവങ്ങളില്‍നിന്ന് ഉറവയെടുക്കുമ്പോള്‍ ആ കവിതയ്ക്ക് വാചാലത കൂടി.
''
അന്നരക്കാശെനിക്കില്ലായിരുന്നു ഞാന്‍
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാന്‍ വിത്തവാന്‍, തോരുന്നതില്ലെന്റെ
കണ്ണുകള്‍ കഷ്ടമിതെന്തുമാറ്റം''...ഇത് ക്ഷണനേരംകൊണ്ട് ചിലപ്പോഴെങ്കിലും മാറിമറിയുന്ന ചങ്ങമ്പുഴക്കവിത. മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ ചിരിച്ചുലഞ്ഞുനില്‍ക്കുന്ന, കനകച്ചിലങ്കയണിഞ്ഞ വരികള്‍ ചിലപ്പോള്‍
രണ്ടല്ല നാലല്ല നാനൂറ് കൈകളു
ണ്ടെനിക്കുഗ്രനഖങ്ങളുമായി
പല്ലുകളല്ലുഗ്രദംഷ്ട്രകള്‍, കണ്ണുനീ
രല്ലെന്‍മിഴികളില്‍ തീപ്പൊരികള്‍...വിതറി ഭീകരരൂപിയായി. തുറന്നുപറച്ചിലുകളുടേതായിരുന്നു ചങ്ങമ്പുഴക്കവിത. ജീവിതം നല്‍കാന്‍ മടിച്ചതെല്ലാം മല്ലിട്ടുവാങ്ങാന്‍ കൊതിച്ചു ആ മനസ്സ്. താരകങ്ങളുടെ തോഴനായി...ഗാനഗന്ധര്‍വനായി...നക്ഷത്രങ്ങളുടെ പ്രേമഭാജനമായി ഇന്നും മലയാളികളുടെ ആ സ്വന്തം കവിയുണ്ട്, ആ കവിതയുണ്ട്.
(കാവ്യമയം ജീവിതം ,അനില്‍ മുകുന്നേരി ,16 Jun 2015 )
കടപ്പാട് മാതൃഭുമി ബുക്സ് ഓണ്‍ലൈൻ എഡിഷൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ